വളരെ അപകടം നിറഞ്ഞ വഴികളിലൂടെ ആണ് ഇന്നത്തെ യാത്ര എന്ന് മനസ്സിലായിക്കാണും 18 വയസ്സിനു താഴെ ഉള്ളവർ മാതാപിതാക്കളുടെ കൂടെ അല്ലെങ്കിലും ഇത് വായിക്കാം അത്രക്ക് അപകടം ഇല്ല.
വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം ആണ് ഭാര്യ എൻ്റെ ജോലി സ്ഥലത്തുള്ള താമസ സ്ഥലത്തു വരുന്നത്.വന്ന ഉടനെ അടുക്കളയിൽ കയറി എല്ലാം തപ്പിനോക്കുന്നതു കണ്ടു അപ്പോൾ മനസ്സിലായി ആളൊരു പാചക പുലിയാണെന്നു അല്ലാതെ അറിയാത്ത പണിസ്ഥലത്തു നമ്മൾ കയറിനോക്കാറില്ലല്ലോ.
രാത്രി കിടക്കാൻ നേരത്തു ഭാര്യ ചോദിച്ചു നാളെ കാലത്തു എന്താ ഉണ്ടാക്കേണ്ടത് !? ഒന്നും ആലോചിച്ചില്ല ഞാൻ പറഞ്ഞു നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കോ, ഇനി ഇപ്പൊ നമ്മൾ ഇഷ്ടമുള്ളത് എന്തെങ്കിലും പറഞ്ഞു അത് ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ഒരു ബുദ്ധിമുട്ടാകേണ്ട എന്ന് കരുതി. ഭാര്യ പറഞ്ഞു ഇന്നാ നമുക്ക് പുട്ടുണ്ടാകാം കടലമതിയോ!? ഓ ധാരാളം കടല എനിക്കിഷ്ട്ടമാ, ആ മുഖത്തു ഒരു തെളിച്ചം കണ്ടു. ഞാൻ ഉറപ്പിച്ചു നാളെ ഇവൾ മിന്നിക്കും. അവൾക് മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും മിന്നിച്ചേക്കണേ !!!
കാലത്തു ഞാൻ എഴുന്നേൽക്കുന്നതിന് മുൻപുതന്നെ അടുക്കളയിൽനിന്നും തട്ടും മുട്ടും കേൾക്കാൻ തുടങ്ങി പുട്ടുമായുള്ള യുദ്ധത്തിൽ ആണെന്ന് മനസ്സിലായി. ഞാൻ മെല്ലെ ചെന്ന് നോക്കി രംഗം അത്ര കുഴപ്പമില്ല പുട്ട് പുട്ടിൻ്റെ ഷേപ്പിൽ തന്നെയാണ് ഇരിക്കുന്നത് കുക്കറിൽ എന്തോ നിലവിളിക്കുന്നുണ്ട് കടലായാകും. ബുദ്ധിമുട്ടിക്കാതെ ഞാൻ കുളിക്കാൻ പോയി.
കുളിച്ചു റെഡി ആയി വന്നപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ഭാര്യ ബ്രേക്ഫാസ്റ്റ് എടുക്കട്ടെ? പിന്നെന്താ എടുത്തോ കഴിക്കാം. അപ്പോൾ ഒരു പ്ലേറ്റിൽ പുട്ടും പിന്നെ സൈഡിൽ കടലക്കറിയും പ്രസൻ്റെഷൻ കൊള്ളാം കറിക്കൊക്കെ നല്ല കളർ.
സന്തോഷത്തോടെ പ്ലേറ്റുവാങ്ങി പുട്ടിൽ പിടിച്ചു വിചാരിച്ചമാതിരി അല്ല നല്ല മുറ്റാണ് എന്ന് മനസ്സിലായി എന്നാലും നന്നായി ഒന്ന് അമർത്തി പിടിച്ചപ്പോൾ സംഭവം പൊടിഞ്ഞു കുഴപ്പമില്ല വെള്ളം അളവ് തെറ്റിയതാകും എന്ന് മനസ്സിലായി പക്ഷെ ഞാൻ ചിരിച്ചുകൊണ്ട് പുട്ടുകഷണം എടുത്തു കടലക്കറിയിൽ മുക്കി വായിൽ വച്ചു ആഹാ എന്തൊരു സുഖം.. ഹരികൃഷ്ണൻസ് സിനിമയിലെ മമ്മൂട്ടിയുടെ അവസ്ഥ എരുവ് എന്ന് പറഞ്ഞാൽ പറയാൻ ഒന്നും ഇല്ല പിന്നെ എല്ലാം ഫാസ്റ്റ് ആയിരുന്നു വാച്ചിൽ ഒന്ന് നോക്കി പറഞ്ഞു അയ്യോ സമയം വൈകി ! പിന്നെ പൂട്ട് അങ്ങോട്ട് വായിൽ തള്ളിക്കയറ്റി ഫുൾ തിന്നു നല്ലൊരു ചിരിയും പാസ്സാക്കി കുറച്ചു വെള്ളവും കുടിച്ചു ബാഗെടുത്തു ഓടി, ഇന്ന് ബസ് കിട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു അത്ര സ്പീഡിൽ ആയിരുന്നു ഓട്ടം.
എന്നിരുന്നാലും ഭാര്യയുടെ മുഖത്തെ ആ സംതൃപ്തി കൊണ്ടുള്ള സന്തോഷം കാണാൻ ഒരു സുഖം ഉണ്ടായിരുന്നു.ഓഫീസിൽ എത്തി കുറെ വെള്ളം കുടിച്ചു ചായക്കടയിൽ പോയി മധുരം കൂട്ടി ഒരു ചായ കുടിച്ചപ്പോൾ സംഭവം ഓക്കേ ആയി. കുറച്ചു കഴിഞ്ഞപ്പോൾ സഹധർമനിയുടെ കാൾ മൊബൈലിൽ വന്നു എടുത്ത ഉടനെ ചോദ്യം നിങ്ങൾ എങ്ങനെയാ ആ കറി കഴിച്ചേ എനിക്ക് വായിൽവെക്കാൻ പറ്റുന്നില്ലല്ലോ! ഞാൻ പറഞ്ഞു എനിക്ക് എരിവ് കൂടിയാലും അത്ര കുഴപ്പം ഇല്ല നിനക്കു കുറവ് മതിയെങ്കിൽ കുറച്ചോളു എനിക്കേതായാലും ഓക്കേ ആണ്. അതത്ര വിശ്വാസം വന്നില്ല എന്ന് എനിക്കുമനസ്സിൽ ആയി.
രാത്രി വീട്ടിൽ പോകുമ്പോൾ ചെറിയ ഒരു പേടി ഉണ്ടായിരുന്നു ഇനി രാത്രിയും കടലക്കറി ആകുമോ എന്ന് , പക്ഷെ അതായിരുന്നില്ല. കയറിച്ചെന്ന ഉടനെ ചോദിച്ചു എന്നാലും എങ്ങനെ നിങ്ങൾ അത് കഴിച്ചു എന്ന്! ഞാൻപറഞ്ഞു നീ ആദ്യമായി ഉണ്ടാക്കിയതല്ല സകല ദൈവങ്ങളെയും വിളിച്ചു അങ്ങോട്ട് കഴിച്ചു അത്രതന്നെ.
ഇന്നലെ ഓണത്തിന് സദ്യ ഉണ്ടാക്കുമ്പോൾ ഞാൻ ഇതാലോചിച്ചു എത്രതരം കൂട്ടാനുകൾ ഉണ്ടാക്കുന്നു അന്നത്തെ ആ കടലക്കറി ഞാൻ കഴിച്ചില്ലെങ്കിൽ ചിലപ്പോൾ ഭാര്യക്ക് ഇപ്പോഴുള്ള കോൺഫിഡൻസ് കിട്ടില്ലായിരിക്കും എന്തുണ്ടാക്കിയാലും ഈ ഉള്ളവൻ കഴിക്കും എന്ന വിശ്വാസം അവളിൽ ഒരു പുതിയ പാചകക്കാരിയെ വാർത്തെടുക്കാൻ സഹായിച്ചു.


അടിപൊളി…… നല്ല narration 😻👌👌
LikeLike
Thanks for reading… looking forward to see you again in my page… continue writing I just read yours …..
LikeLike