“അപ്പാ വണ്ടി നേരെ മീൻ ചന്തയിലേക്ക് പോകട്ടെ …”
കന്യാസ്ത്രീയാകാൻ പോയ തന്റെ ഏക പുത്രിയെ ആദ്യമായി അവധിക്ക് വീട്ടിലേക്ക് കൊണ്ടു വരുന്ന വഴിയാണ് സ്കറിയാച്ചൻ. പള്ളിയിൽ കയറാത്ത തൻ്റെ മകൾ എങ്ങനെ കന്യാസ്ത്രീയാകാൻ പോയി എന്ന് ഇപ്പോഴും അയാൾക്ക് പിടി കിട്ടിയിട്ടില്ല. ഭക്തയായ സഹധർമ്മിണിയുടെ സ്വാധീനം ആയിരിക്കണം എന്നതാണ് ന്യായമായ ഒരു നിഗമനം.
എനിക്ക് മൂന്ന് കിലോ മത്തി വേണം. ചന്തയുടെ പാർക്കിങ്ങ് ലോട്ടിൽ വണ്ടി പാർക്ക് ചെയ്യുന്നതിനിടയിൽ ലൂസി പറഞ്ഞു. സ്കറിയാച്ചൻ ഇതുവരെ മീൻ ചന്തയിൽ വന്നിട്ടില്ല. സാധാരണ ഫോൺ വിളിച്ചു പറഞ്ഞു പണിക്കാരെ കൊണ്ട് സാധനങ്ങൾ വീട്ടിൽ എത്തിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ നാട്ടിലെ ബിസിനസ് പ്രമാണിയായ സ്കറിയാച്ചന്റെ കന്യാസ്ത്രീ കൊച്ചായ മകളെയും കൊണ്ടുള്ള ചന്തയിൽ വരവ് എല്ലാവരും കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മത്തിയുടെ സ്റ്റോൾ എവിടെയാണടേയ്…… സ്കറിയാച്ചന്റെ ബെൻസ് സി ക്ലാസ് വണ്ടി പാർക്ക്ചെയ്യുന്നത് കണ്ടു അടുത്തേക്കു വന്ന സുഹൃത്ത് സേതുവേട്ടനോടാണ് ചോദ്യം. എന്താ സ്കറിയാച്ചാ…. പതിവില്ലാതെ ഈ വഴിക്ക് …? സേതുവേട്ടൻ കുശലാന്വേഷണം നടത്തി … നമ്മുടെ പുത്രിയെ അവധിക്ക് കൂട്ടിക്കൊണ്ടുവരാൻ പോയി വരുന്ന വഴിയാണ്…..വീട്ടിൽ പോകുന്നതിനു മുമ്പ് അവൾക്ക് മൂന്ന് കിലോ മത്തി വേണമത്രേ….എന്തിനാണെന്ന് അറിയാൻ പാടില്ല…വീട്ടിൽ ആയിരുന്നപ്പോൾ വറുത്ത മീൻ മുള്ള് പോലും കളഞ്ഞു കൊടുത്തത് തിന്നു കൊണ്ടിരുന്ന പാർട്ടിയാണ്. ഇതിപ്പോ വാങ്ങുന്നത് ആ അനാഥശാലയിലെ പിള്ളേർക്ക് കൊടുക്കാൻ ആയിരിക്കും. …എന്തോ ആവോ ?
ഈ സമയം സേതുവേട്ടൻ നയിച്ച വഴിയിലൂടെ മീൻ നാറ്റം നിറഞ്ഞുനിൽക്കുന്ന ചന്തയുടെ പല സ്റ്റാളുകളും പിന്നിട്ട് അവർ സ്റ്റോൾ 37 എന്ന് സ്ലേറ്റിൽ എഴുതി തൂക്കിയ ഒരു കടയുടെ മുൻപിൽ എത്തി. ഒരിക്കലും മുണ്ട് മടക്കികുത്താത്ത സ്കറിയാച്ചൻ ചന്തയിലെ ചേറും ചെളിയും പരിഗണിച്ച് മുണ്ട് മടക്കി കുത്തിയിട്ടുണ്ട്. തൻറെ ബ്രാൻഡഡ് ഓപ്പൺ ലെതർ ഷൂ ചെളി പുരളാതെ നോക്കാൻ ആൾ ഇത്തിരി പാടുപെട്ടു.
മുഹമ്മദേ … …ഒരു മൂന്നു കിലോ മത്തി എടുക്ക്…മീൻ വാങ്ങാൻ അവിടെ വന്നിരുന്നവരുടെ ശബ്ദകോലാഹലങ്ങൾ ഭേദിച്ചുകൊണ്ട് സേതുവേട്ടൻ ഉറക്കെ വിളിച്ചുപറഞ്ഞു, … ആരിത് ! സേതുവേട്ടനോ … കടയ്ക്കുള്ളിൽ നിന്ന് മുഹമ്മദ് കൈ പൊക്കി കാണിച്ചു. ഈ സമയം പോസ്റ്റുലൻസി* യൂണിഫോം ആയ കാവി നിറമുള്ള സാരിയും ഒരു സ്റ്റീൽ കുരിശുമാലയും ധരിച്ച് ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ ലൂസി നിൽക്കുന്നുണ്ടായിരുന്നു. തിരക്കായിരുന്നതിനാൽ അധികം കുശലാന്വേഷണം നടത്താതെ മുഹമ്മദ് മൂന്ന് കിലോ മത്തി കവറിലാക്കി സേതുവേട്ടനു നേരെ നീട്ടി .ഞാൻ പിടിക്കാം എന്നു പറഞ്ഞ് സേതുവിനു മുൻപേ ലൂസി മീൻ അടങ്ങിയ കവർ കൈക്കലാക്കി. മകളുടെ ഒരു ആവശ്യത്തിനും എതിരു നിൽക്കാത്ത സ്കറിയാച്ചൻ മൂന്ന് കിലോ മത്തിയുടെ ഇപ്പോഴത്തെ സാംഗത്യത്തെ പറ്റി മകളോട് ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
മോളെ സുഖമല്ലേ എന്ന് പറഞ്ഞു സേതുവേട്ടൻ യാത്രയാക്കുമ്പോഴേക്കും വണ്ടിക്കയ്കത്തെ മീൻ നാറ്റം ഓർഫനേജ് വരെയല്ലേ ഉണ്ടാകൂ എന്നുള്ള ആശ്വാസത്തിൽ സ്കറിയാച്ചൻ വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നു. യാത്രയിലുടനീളം മൂന്ന് കിലോ മത്തി ഒഴിച്ച് മറ്റ് പലതിനെക്കുറിച്ചും ലൂസി തിരക്കി കൊണ്ടിരുന്നു …. ഒരു വശം തളർന്നു പോയ സ്കറിയാച്ചന്റെ മൂത്ത ചേച്ചി മുതൽ വീട്ടിലെ ബ്രിട്ടോ എന്ന ഡോബർമാനെ ക്കുറിച് വരെ അവൾ ചോദിച്ചറിഞ്ഞു . ഓർഫനേജിലേക്ക് വണ്ടി തിരിക്കണമല്ലോ എന്ന ധാരണയോടെ റോഡിൻ്റെ ഇടതുവശം പിടിച്ചാണ് സ്കറിയ ഇപ്പോൾ വണ്ടി ഓടിക്കുന്നത്. ഓർഫനേജിൻറെ മതിൽ എത്തിയിട്ടും ലൂസി ഒന്നും പറയാതെ തൻ്റെ പഴയ സംസാരം തുടർന്നു കൊണ്ടിരുന്നതിനാൽ സ്കറിയ വീടിനെ ലക്ഷ്യമാക്കി വണ്ടിയോടിച്ചു
വീട്ടിലെത്തിയ ഉടനെ മൂന്നുകിലോ മത്തിയുമായി ലൂസി നേരെ പോയത് അടുക്കളയിലേക്കാണ്…അമ്മേ ”….ഇതിൻ്റെ അരക്കിലോ പുറത്തുവച്ച് ബാക്കിയുള്ളത് ഫ്രീസറിൽ വച്ചേക്ക് …” മാസങ്ങൾക്ക് ശേഷം മകളെ കണ്ടതിൻ്റെ സന്തോഷം അയവിറക്കുന്നതിനിടെ ഒരു യന്ത്രം കണക്ക് ആ മത്തിയുടെ കവർ മകളുടെ കയ്യിൽ നിന്ന് ഗ്രേസികുട്ടി വാങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അടുക്കള കട്ടിള പടിയിൽ ചാരി സ്കറിയാച്ചൻ നിൽക്കുന്നുണ്ടായിരുന്നു.
പത്തു മിനിറ്റിനുള്ളിൽ തന്റെ പഴയൊരു ചുരിദാറുമിട്ട് ലൂസി അടുക്കളയിൽ തിരിച്ചെത്തിയി. അമ്മേ എന്നെ മീൻ നന്നാക്കാൻ പഠിപ്പിക്കണം. മഠത്തിൽ എഴുത്തും വായനയും ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും ബാച്ച് മെമ്പേഴ്സിനെകാൾ ഞാൻ പിന്നിലാണെ കാര്യം അൽപ്പം പരിഭവത്തോടെ ലൂസി അവതരിപ്പിച്ചു. വീട്ടിൽ ആയിരുന്നപ്പോൾ തലയിൽ വച്ചാൽ പേൻ അരിക്കും താഴെ വച്ചാൽഉറുമ്പരിക്കും എന്ന് കരുതി ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തിയ തൻ്റെ മകൾക്ക് ഈ ഗതി വന്നല്ലോ എന്ന് സ്കറിയാച്ചൻ ചിന്തിക്കാതിരുന്നില്ല.
പിന്നീടങ്ങോട്ട് ലൂസിക്ക് കഠിനമായ സ്വയപരിശീലനത്തിന്റെ ദിനങ്ങളായിരുന്നു. …. മീൻ വൃത്തിയാക്കാൻ, കുടമ്പുളിയിട്ട് മീൻ കറി വയ്ക്കാൻ, ചോറും തോരനും മെഴുകുപ്പുരട്ടിയും ഉണ്ടാക്കാൻ , അലക്കുകല്ലിൽ വൃത്തിയായി അലക്കാൻ …ഇങ്ങനെ ചെറുതും വലുതുമായ ഒരു കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ അമ്മയിൽ നിന്നും, വീട്ടിൽ സഹായത്തിനുണ്ടായിരുന്ന മറ്റു ജോലിക്കാരിൽ നിന്നും ലൂസി സ്വായത്തമാക്കി.
രണ്ടുമാസത്തെ അവധി കഴിഞ്ഞ് മഠത്തിലേക്ക് തിരിച്ചു പോകേണ്ട ദിവസം, നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പാസ് ഔട്ട് ആകുന്ന ഒരു ക്യാഡറ്റിനേക്കാൾ ചങ്കുറപ്പോടും ആത്മധൈര്യത്തോടും കൂടി മഠത്തിൻ്റെ പടി കയറുന്ന ലൂസിക്കരികിൽ സ്കറിയാച്ചൻ നിന്നിരുന്നു. തൻ്റെ മകൾ മഠത്തിൽ ചേർന്നതിൽ സങ്കടമുണ്ടെങ്കിലും ഇപ്പോൾ സ്കറിയാച്ചന്റെ മഖത്ത് ആത്മാഭിമാനം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ജനിച്ച പാടെ അക്ഷരങ്ങളും വാക്കുകളും വിഴുങ്ങാനും മത്സരപരീക്ഷകളിൽ അവ യഥോചിതം ഉപയോഗിക്കാനും മാത്രമാണ് മക്കളെ പരിശീലിപ്പിക്കേണ്ടത് എന്ന് കരുതുന്ന ആധുനിക സമൂഹത്തിൽ. നമ്മുടെ പുതുതലമുറ ജീവിതമാകുന്ന പരീക്ഷയിൽ പരാജയപ്പെടുന്നു എന്ന വസ്തുത എത്ര നാൾ നമുക്ക് മറച്ചു പിടിക്കാനാകും. അവർ തെരഞ്ഞെടുത്ത ജീവിതത്തിന് അനുയോജ്യമായ ജീവിത നിപുണതകൾ ഇല്ലാത്തതുകൊണ്ടു തന്നെയാണ് അവർ തോറ്റു പോകുന്നത്. മക്കളെ വളർത്തിവലുതാക്കി വിവാഹം കഴിപ്പിച്ചും കെട്ടിച്ചും ഉത്തരവാദ്വിത്തതിൽ നിന്ന് കയ്യൊഴിയാൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിയും പരിശീലനവും നൽകിയിട്ടുണ്ടോ എന്ന് വിചിന്തനം ചെയ്യുന്നത് നല്ലതാണ്. ഇല്ലെങ്കിൽ പുരനിറഞ്ഞു നിൽക്കുന്നവർ ആണായാലും പെണ്ണായാലും അവിടെ തന്നെ നിൽക്കട്ടെ . ഈ സാഹചര്യത്തിൽ ഇറക്കി വിട്ടാൽ പോയതിനേക്കാൾ വേഗതയിൽ ഒരു ബൂമറാങ് കണക്ക് തിരിച്ചു വീട്ടിൽ തന്നെ അവർ എത്തും. ഏതു ജീവിതാന്തസ്സ് തെരഞ്ഞെടുത്താലും വിജയിക്കണമെങ്കിൽ പാഠപുസ്തകങ്ങൾക്ക് അപ്പുറം ജീവിത സന്ധാരണത്തിനാവശ്യമായ പ്രായോഗിക പരിജ്ഞാനവും പരിശീലനവും നമ്മുടെ പുതുതലമുറക്ക് നൽകിയേ മതിയാവൂ.
“Survival skills are more important than academic skills
കടപ്പാട് : ഡോ ഫാ ഡേവ് അക്കര കപ്പൂച്ചിൻ