ഞാൻ കുക്കിംഗ് തുടങ്ങിയത് നിലനിപ്പിനുവേണ്ടിയാണ് !
അതെ നിലനിൽപ്പിനു വേണ്ടി നമ്മൾ എന്ത് ചെയ്താലും അത് വിജയിക്കാതെ വേറെ വഴിയില്ല. കുക്കിംഗ് ചെയ്യാൻ ബുദ്ധിമുട്ടുന്ന പാവം ഹതഭാഗ്യൻമാരെ സഹായിക്കുക എന്നത് മാത്രമാണ് എൻ്റെ ഉദ്ദേശം അല്ലാതെ മറ്റൊരു അഹങ്കാരവും ഇല്ല ഈ ഉള്ളവന്.
സൂത്രത്തിൽ കറി കുക്കിംഗ് രണ്ടു സ്റ്റെപ് ആണ്
സ്റ്റെപ് 1 : ഗ്രേവി ( ഇത് ഒരു കോമൺ ഗ്രേവി ആണ് പലതരം കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കാം)
സ്റ്റെപ് 2 : പ്രധാനപെട്ട ചേരുവ ഇത് നമ്മൾ ഉണ്ടാക്കുന്ന കറിക്കനുസരിച്ചു മാറ്റി ഉപയോഗിക്കാം.
————————————————————————————————————-
സ്റ്റെപ് 1 : ഗ്രേവി
- എണ്ണ ( വെളിച്ചെണ്ണ / സൺഫ്ലവർ )
- തക്കാളി
- ചിക്കൻ മസാല
- മുളകുപൊടി
- മഞ്ഞൾ പൊടി
- ഉപ്പു പൊടി
- ചെറിയ ഉള്ളി
- വേപ്പില
- സബോള
- പച്ചമുളക്
- ഇഞ്ചി
- സബോള നന്നായി ചെറുതാക്കി അരിയുക
- തക്കാളി നന്നായി ചെറുതാക്കി അരിയുക
- ചെറിയ ഉള്ളി മൂന്നു അല്ലി ചെറുതാക്കി അറിയുക
- പച്ചമുളക് മൂന്നെണ്ണം നടു കീറി വക്കുക
- വേപ്പില നാല് ഇല
- ഇഞ്ചി ചെറിയ കഷ്ണം നീളൻ അറിയുക
പാത്രം ചൂടാക്കി എണ്ണ ഒഴിക്കുക (മൂന്നു ടേബിൾ സ്പൂൺ) എണ്ണ ചൂടായാൽ (നടുക്ക് പത വരും). സബോള ഇടുക സ്വല്പം ഉപ്പു ഇടുക, സബോള നന്നായി വാടി ലൈറ്റ് ഗോൾഡൻ കളർ ആയാൽ രണ്ടു ചെറിയ സ്പൂൺ ചിക്കൻ മസാല ഇടുക അര ചെറിയ ടീസ്പൂൺ മഞ്ഞൾപൊടി ഒരു ചെറിയ സ്പൂൺ മുളകുപൊടി ഇടുക രണ്ടുമിനിറ്റ് ഇളക്കുക
ഇനി ബാക്കിയുള്ള അരിഞ്ഞുവെച്ച സാധനങ്ങൾ ഇടുക ചെറിയ ഉള്ളി, പച്ചമുളക്, വേപ്പില, ഇഞ്ചി ഇതെല്ലാം ഇട്ടു നന്നായി രണ്ടുമിനിറ്റു ഇളക്കുക, കരിയാതെ നോക്കണം. ഇനി തക്കാളി അറിഞ്ഞത് ഇടുക നന്നായി ഇളക്കുക, ഗ്രേവി നല്ല ഡാർക്ക് റെഡ് കളർ ആയി നല്ല കട്ടിയുള്ള ഗ്രേവി ആകുന്നതുവരെ ഇളക്കുക.. ഇടയ്ക്കു ഉപ്പ് നോക്കി വേണമെങ്കിൽ കുറച്ചു ഇടാം.
നിങ്ങൾ ഇപ്പോൾ വേണമെങ്കിൽ ചോറുണ്ണാൻ റെഡി ആയിരിക്കുകയാണ്, പ്രത്യേകിച്ചു വേറെ മെയിൻ കോഴ്സ് കഷ്ണങ്ങൾ ഒന്നും കയ്യിൽ ഇല്ല എങ്കിൽ ഈ തയ്യാറാക്കിയ ഗ്രേവി ധാരാളം മതി ചോറുണ്ണാൻ.
സ്റ്റെപ് 2 : മെയിൻ കോഴ്സ്
ഈ പാർട്ട് വളരെ ഈസി ആണ് നമ്മുടെ കയ്യിൽ അവൈലബിൾ ഉള്ള കഷ്ണങ്ങൾ വച്ച് അങ്ങോട്ട് മിന്നിച്ചേക്കണം. താഴെ പറയുന്ന എല്ലാ ടൈപ്പ് കഷ്ണങ്ങളും നമ്മൾക്ക് ഉപയോഗിക്കാവുന്നതാണ്, ഉള്ളതുകൊണ്ട് ഓണം പോലെ ..
പരിപ്പ്
പരിപ്പ് ആണെങ്കിൽ മസൂർദാൽ ആണ് നല്ലത് പെട്ടെന്ന് വേവിക്കാം ഒരു ഹാഫ് ഗ്ലാസ് ദാൽ എടുക്കുക നന്നായി കഴുകിയതിനുശേഷം നമ്മുടെ ഗ്രേവിയിൽ ഇട്ടു ഒരു പത്തുമിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.
കടല
കടല ആണെങ്കിൽ ഒരു ഗ്ലാസ് എടുക്കുക നന്നായി കഴുകിയതിനുശേഷം ഒരു രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കണം നല്ലത് തലേ ദിവസം രാത്രി ഇട്ടുവെക്കുന്നതാണ് കടല കുതിർന്നു കഴിഞ്ഞാൽ നമ്മുടെ ഗ്രേവിയിൽ ഇട്ടു ഒരു പത്തുമിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. നന്നായി കുതിർന്ന കടല അല്ലെങ്കിൽ കുക്കറിൽ ഇട്ടു രണ്ടു വിസിൽ അടിപ്പിക്കുക എല്ലാം ശുഭം.
ചിക്കൻ / ചിക്കൻ ഗിസാർഡ് (അര കിലോ)
എല്ലാവരും പറയും ചിക്കൻ കറി ഉണ്ടാക്കാൻ വലിയ പാടാണെന്ന് ഒന്നും ഇല്ല ചുമ്മാ അങ്ങ് മിന്നിച്ചേക്കണം …
ചിക്കൻ അല്ലെങ്കിൽ ചിക്കൻ പാർട്സ് (ചിക്കൻ ഗിസാർഡ്) നല്ലതു പോലെ കഴുകി വൃത്തിയാക്കുക. ഇനി കുറച്ചു ഉപ്പ്, കാശ്മീരി മുളകുപൊടി ( ഒരു ടീസ്പൂൺ) മഞ്ഞൾ പൊടി (ഒരു ടീസ്പൂൺ) പിന്നെ ഒരു പകുതി ചെറിയ നാരങ്ങാ പിഴിഞ്ഞത് എല്ലാം കൂടി നന്നായി ഇളക്കി ഒരു ഒരു മണിക്കൂർ വക്കുക. അതിനു ശേഷം നമ്മുടെ ഗ്രേവിയിൽ ഇട്ടു ഒരു പത്തു മിനിറ്റു വേവിക്കുക. ചിക്കൻ കറി റെഡി !!!
തിരിച്ചു കടിക്കാത്ത എന്തും ഇതുവച്ചു ഉണ്ടാക്കാം പ്രോൺസ് , ഉരുളക്കിഴങ്ങു, തക്കാളി, മുട്ട … ഇനി ഇതിൽ ഏതെങ്കിലും ഒരു സാധനം ഇല്ല എങ്കിൽ പോലീസ് പിടിക്കില്ല ധൈര്യമായി ഉണ്ടാക്കിക്കോ.
സ്വന്തം റിസ്കിൽ മാത്രം ഉണ്ടാക്കുക .. നന്നായാൽ മാത്രം ക്രെഡിറ്റ് എനിക്ക് മതി