പഠിക്കുന്ന കാലത്തു വിചാരിച്ചിരുന്നത് അപ്പോഴാണ് പഠിക്കാൻ ഉള്ളത് എന്ന് പക്ഷെ സ്കൂളിലും കോളേജിലും പഠിച്ചതൊന്നും അല്ല ജീവിതത്തിൽ പയറ്റാനുള്ളത് എന്ന് തിരിച്ചറിയുക ജീവിതം നമ്മളെ നോക്കി പല്ലിളിച്ചു നിൽക്കുമ്പോഴാണ്.
പ്രീ ഡിഗ്രിയും ( ഇപ്പോഴത്തെ +2 ), ഡിപ്ലോമയും പിന്നെ എഞ്ചിനീറിംഗും കഴിഞ്ഞു വീട്ടിൽ ചുമ്മാ നടക്കുന്ന കാലം എല്ലാവർക്കും സംശയം ഇവൻ പാസ്സായിക്കാണില്ലേ ഇവനെന്താ ജോലിക്കൊന്നും പോകാത്തതു!? നാട്ടുകരുടെ വക കഴിഞ്ഞപ്പോൾ തുടങ്ങി ബന്ധുക്കളുടെ ചോദ്യങ്ങൾ. പെട്ടെന്നുണ്ടായ കലുഷിതമായ ഒരു സന്ദർഭത്തിൽ അറിയാതെ പറഞ്ഞുപോയി ഇനി ഒരു ജോലികിട്ടി അതിന്റെ യാത്ര പറയാൻ മാത്രമേ ഞാൻ നാട്ടിൽ വരികയുള്ളു. നേരെ പോയി ഒന്നും ആലോചിച്ചില്ല ബാംഗ്ലൂർക്ക് ഒരു ടിക്കറ്റ് എടുത്തു. എവിടെ പോകണമെന്നോ ആരുടെകൂടെ നിൽക്കണമെന്നോ ഒരു അറിവും ഇല്ലാ. മമ്മി കുറെ പറഞ്ഞു ആൾക്കാർ പലതും പറയും അതുകേട്ടു നീ എടുത്തു ചാടണ്ട പക്ഷെ പപ്പ പറഞ്ഞു അവൻ ഒരു ആൺകുട്ടിയല്ലേ പോയി വരട്ടെ എന്ന്, അതെനിക്ക് ധൈര്യം തന്നു. (ആൺകുട്ടികൾക്ക് ബാംഗളൂരിൽ മേൽക്കോയ്മായൊന്നും ഇല്ല പെൺകുട്ടികളും ധൈര്യമായി പൊന്നോ).

പലരും എന്നോട് ചോദിച്ചു എന്തിനാ ബാംഗ്ളൂർ പോകുന്നത് ജോലി ചെയ്യാൻ നാട്ടിൽ നിന്നാലും പോരെ? പക്ഷെ ഇന്നത്തെപോലെ അന്നും ബാംഗ്ലൂർ ഒരു ജോലിയാന്നേഷിക്കുന്നവരുടെ പറുദീസയാണ്. അങ്ങനെ കുറച്ചു കോളേജ് കൂട്ടുകാരെ വിളിച്ചു എങ്ങോട്ടുപോകും എവിടെ നിൽക്കും എന്നൊക്കെ അറിയാൻ. എല്ലാവരും പറഞ്ഞു നേരെ മാറത്തഹള്ളി പിടിച്ചോ നിറയെ മലയാളികൾ ആണ് ഏതെങ്കിലും പിജി (പേയിങ് ഗസ്റ്റ് ) കിട്ടും. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വച്ച് പിടിച്ചു ബാംഗ്ലൂർക്ക് ഐലൻറ് എക്സ്പ്രസ്സ് ആണ് നേരം പര പര വെളുക്കുന്നതിനു മുൻപേ എത്തി ഇനിയെന്ത് നേരെ മജെസ്റ്റിക് ബസ് സ്റ്റാൻഡ്. ഒരു രണ്ടുമണിക്കൂർ പരിശ്രമം വേണ്ടിവന്നു മാറത്തഹള്ളിക്കു ബസ് കിട്ടുന്ന സ്റ്റോപ്പ് കണ്ടുപിടിക്കാൻ. ഒരു ബസ് സ്റ്റോപ്പ് കണ്ടുപിടിക്കാൻ എന്തിനാ ഇത്ര ബുദ്ധിമുട്ട് എന്ന് ചോദിക്കുന്നവരോട് ഒന്ന് മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ പോയി നോക്കണേ പറയാൻ ഉള്ളു. കണ്ടാലറിയാത്തവൻ കൊണ്ടാൽ അറിയും എന്നാണല്ലോ കാർന്നോന്മാർ പറയുന്നത്. കാർന്നോന്മാർ പറയുന്നതൊന്നും വെറുതെയല്ല എന്ന് വൈകിയാണെങ്കിലും മനസ്സിലായി തുടങ്ങി.
ബസ് ഒക്കെ പിടിച്ചു മാറത്തഹള്ളി കണ്ടു പിടിച്ചു എത്തിയപ്പോഴേക്കും ഉച്ചയായി പിന്നെ നേരത്തെ എത്തിയിട്ട് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതിനാൽ കുഴപ്പമില്ല. കുറച്ചു നേരത്തെ അന്വേഷണത്തിന് ശേഷം വലിയ കുഴപ്പമില്ലാത്ത ഒരു പിജി കണ്ടുപിടിച്ചു ഒരു ഫ്ലാറ്റ് ആണ് അതിൽ ഒരു ബെഡ്റൂം കിച്ചൻ ഹാൾ അങ്ങനെയാണ് ഉള്ളത് ബെഡ്റൂമിലും മെയിൻ ഹാളിലും നാലു ബെഡ് ഇട്ടിട്ടുണ്ട് അടുക്കളയിലും ഉണ്ട് ഒരു ബെഡ് അപ്പോൾ അകെ മൊത്തം ഒൻപതു പേർ ഒരു ഫ്ലാറ്റിൽ. പിന്നെ എല്ലാവരും മലയാളികൾ ആയിരുന്നു എന്നുള്ളതുകൊണ്ട് കുഴപ്പമില്ല. ഒൻപതു പേരിൽ ഏഴുപേർക്കും ജോലിയുള്ളതുകൊണ്ടു അവരെ മിണ്ടാൻ കിട്ടാറില്ല ഞായറാഴ്ച മാത്രമേ എല്ലാവരും ഉണ്ടാകൂ അതുകൊണ്ടു ഞായർ ആഘോഷങ്ങളുടെ ദിവസം ആണ് .

ആദ്യ ഉപദേശം കിട്ടിയത് ബാംഗളൂർ വളരെ വലിയ സ്ഥലമാണ് അതുകൊണ്ടു സ്ഥലങ്ങൾ ഒക്കെ പഠിക്കണം, അതാലോചിച്ചപ്പോൾ അത് ശെരിതന്നെ തോന്നി. അടുത്ത ഉപദേശം ഡെയിലി പാസ് കിട്ടും അതെടുത്താൽ എത്ര വേണമെങ്കിലും യാത്ര ചെയ്യാം അതെനിക്കിഷ്ട്ടപെട്ടു. എല്ലാ കൂട്ടുകാരെയും മനസ്സിൽ ധ്യാനിച്ച് തുടങ്ങി എൻ്റെ യാത്രകൾ. ഒരുമാസമാകാറായപ്പോൾ ബിഎംടിസി ബസുകാരൻ എന്റെ വലിയ ഫ്രണ്ട് ആയി പുള്ളിക്കാരൻ പൈസവാങ്ങാൻ എന്നെ വിടാൻ തുടങ്ങി അപ്പോൾ മനസ്സിലായി ഇനി ഈ പരിപാടി നിർത്താം എന്ന്.

പലസ്ഥലങ്ങളിലും ഇൻറർവ്യൂ കൊടുത്തു പക്ഷെ എല്ലാവർക്കും വേണ്ടത് ഒന്ന് തന്നെ പ്രവർത്തി പരിചയം എനിക്കും വേണ്ടത് അതുതന്നെ! നമ്മൾക്ക് ബിഎംടിസി ബസ്സിൽ യാത്ര ചെയ്ത പരിചയം അല്ലെ ഉള്ളു അതുപോരത്രേ ജോലിക്ക്. അങ്ങനെ അഞ്ചുമാസത്തെ ജോലിതേടൽ ഇതത്ര എളുപ്പമല്ല എന്നുള്ള സത്യം മനസ്സിലാക്കി തന്നു. ബാംഗ്ളൂർ ജോലി തേടുന്നവരുടെ പറുദീസാ ആണ് എന്ന് പറയുന്നതൊക്കെ വെറും കുന്തമാണെന്നു രണ്ടു മാസം കൊണ്ട് മനസ്സിലായിതുടങ്ങിയിരുന്നു. പണ്ടാരോ പറയണത് കേട്ടിട്ടുണ്ട് ബാംഗളൂരിൽ വെറുതെ കല്ല് മുകളിൽ എറിഞ്ഞാൽ ഒന്നെങ്കിൽ പട്ടി അല്ലെങ്കിൽ എഞ്ചിനീയർ ഇതിൽ രണ്ടുപേരുടെയും ഒരാളുടെ തലയിലേ കല്ല് വീഴുകയുള്ളു! അവിടെയാണ് നമ്മളുടെ ഈ കളി നടന്നത് തന്നെ.
ഇനി കളം മാറ്റി ചവിട്ടാൻ നേരമായെന്ന് മനസ്സിലായി. തൊളിച്ച വഴിക്കു പോയില്ലെങ്കിൽ പോയ വഴിക്കു തെളിക്കുക എന്ന മാർഗമാണ് ഇനി നല്ലതു എന്ന് മനസ്സിലായി. വീട്ടിൽ പോയിട്ട് അഞ്ചുമാസമായി ജോലിയില്ലാതെ വരില്ല എന്ന് വലിയ വായിൽ പറഞ്ഞത് മണ്ടത്തരമായി എന്ന് തോന്നിത്തുടങ്ങിയ നേരം.പൂനെയിൽ നിന്നും ഒരു ഫ്രണ്ട് വിളിച്ചു ചുമ്മാ വിളിച്ചതാണ് ഞാൻ എന്റെ കാര്യമെല്ലാം പറഞ്ഞപ്പോൾ അവൻ പറഞ്ഞു എഞ്ചിനീറിങ്ങിന്റെ ബേസിൽ ജോലി ഇപ്പൊ ഇല്ല പക്ഷെ ഡിപ്ലോമ വച്ചിട്ട് കിട്ടും എന്ന് പറഞ്ഞു. ഇവിടെ നിലം തുടക്കാൻ വരെ തയ്യാറായി നിൽക്കുന്ന സമയം!. ഓകെ പറഞ്ഞു, അടുത്തമാസം വന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്തോ സെലക്ട് അയാൾ പിറ്റേ ദിവസം ജോയിൻ ചെയ്യാം. പിന്നെ ഒന്നും നോക്കിയില്ല നേരെ നാട്ടിലോട്ട്, ജോലികിട്ടി എന്ന് ഡിക്ലയർ ചെയ്തു. സന്തോഷത്തിൻ്റെ ദിവസങ്ങൾ ആയിരുന്നു പിന്നീട്.
തുടരും…..
3 thoughts on “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം ഒന്ന്”