നമ്മളുടെ കുട്ടിക്കാലം ഇപ്പോൾ ആലോചിക്കുമ്പോൾ എന്ത് രസമായിരുന്നു അന്ന് അങ്ങനെ തോന്നിയില്ലെങ്കിലും! മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ശാസനകൾ നെല്ലിക്ക പോലെയാണ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
ചെറുപ്പകാലത്തു കന്നംതിരിവ് കാട്ടി (കാട്ടുന്നതെല്ലാം കന്നംതിരിവ് ആയതുകൊണ്ട് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല) മാതാപിതാക്കളുടെ കയ്യിൽ നിന്നും കിട്ടുന്ന സ്നേഹ ശാസനകൾ ആണ് മനസ്സിലേക്ക് വരുന്നത്. അന്നുകാലത്തു അത് സ്നേഹ ശാസനകൾ ആയിട്ട് തോന്നിയിട്ടിട്ടില്ലെങ്കിലും കാലം അത് മനസ്സിലാക്കിച്ചു തന്നു. വീടിനു പുറകിൽ ഒരു പുളിമരം ഉണ്ടായിരുന്നു വീട്ടിൽ ഒരു പുളിമരം അനാവശ്യമാണെന്ന് പണ്ട് തോന്നിയിരുന്നെങ്കിലും ഇന്നത് അത്യാവശ്യം ആണെന്ന് മനസ്സിലാക്കുന്നു. വീടായാൽ ഒരു പുളിമരം വേണം, ഒരു പുളിമരത്തിന്റെ കുറവ് ഇന്നത്തെ തലമുറക്കുണ്ട്. പണ്ട് പിൻവശത്തുണ്ടായിരുന്ന പുളിമരം പിൽക്കാലത്തു വീടിനു മുൻപിൽ വന്നു നിന്നു! എന്താ കഥ കന്നംതിരിവുകാരണം പുളിമരം ഓടി മുന്നിൽ വന്നതല്ല ഞങ്ങൾ വീട് ഒന്ന് തിരിച്ചു വച്ചതാണ് അപ്പോൾ പിൻപന്മാർ മുൻപൻ മാരും മുൻപന്മാർ പിൻപന്മാരും ആയി. വീട്ടിൽ ഇനി പുളിയുടെ ആവശ്യം ഇല്ലാത്തതിനാൽ ആ പുളിമരം കുറച്ചു നാളുകൾ മുൻപ് മുറിച്ചു കളഞ്ഞു.
പഠിച്ചിരുന്നത് മറ്റം സ്കൂളിൽ ആയിരുന്നു. പലരും ചോദിച്ചിട്ടുണ്ട് ആ കാലത്തു പതിമൂന്നു കിലോമീറ്റർ അകലെ കൊണ്ടുപോയി പഠിപ്പിക്കാൻ നിങ്ങൾ എന്ത് ഭീകരൻ മാരായിരുന്നു എന്ന്, മമ്മി പഠിപ്പിക്കുന്ന അതേ സ്കൂളിൽ ഞങ്ങളുടെ പഠിപ്പ് ഇത്തിരി അധികം നന്നാകുമല്ലോ എന്ന് കരുതി ആണ് അങ്ങനെ ചെയ്തത്. ഞങളുടെ ജന്മനാ ഉള്ള കഴിവുകൾ പുറത്തെടുക്കാൻ പലപ്പോഴും സാധിക്കാതെ മുരടിച്ചു പോയത് അതുകൊണ്ടായിരിക്കണം. മാതാപിതാക്കളുടെ അന്നത്തെ കരുതൽ ആയിരുന്നു ഇന്നനുഭവിക്കുന്ന ഈ സൗഭാഗ്യങ്ങൾ എന്ന് മനസിലാക്കുന്നു.
പഠനം മറ്റം സ്കൂളിൽ ആയതുകൊണ്ടുതന്നെ അച്ഛൻ വീടുമായി അഭേദ്യമായ ഒരു ബന്ധം ഞങ്ങൾക്കുണ്ട്. ഇന്നത്തെപോലെ ഇരുന്നു പഠിക്കുക എന്നത് അന്നുണ്ടായിരുന്നില്ല ദിവസവും ഒരു പിരിയഡ് എങ്കിലും ഉണ്ടായാൽ ഭാഗ്യം ശ്രീകൃഷ്ണ കോളേജിൽ നിന്നും ജയ് വിളികൾ കേൾക്കുന്നത് കാതോർത്താണ് ക്ലാസ്സിൽ ഇരിക്കുക. ജയ് വിളികളുടെ ശബ്ദം അടുത്തുവരും തോറും മനസ്സിൽ പ്ലാനുകൾ വരും കൂട്ടമണി അടിക്കുന്നനേരം ഓട്ടമാണ് ഒരു രണ്ടു കിലോമീറ്റർ നിർത്താതെ ഓടും ഓട്ടം നിൽക്കുന്നത് വാക വീടിൻ്റെ മുറ്റത്താണ്. ഓടി അടുക്കളയിൽ ചെല്ലും അടുക്കളയുടെ സൈഡിൽ ഒരു കള്ളി മേശ ഉണ്ട് ഓരോ കളികളും മുകളിലോട്ടു തുറക്കാം അതിൽ പരതി നോക്കി എന്തെങ്കിലും കഴിക്കും. എന്നെ കാണുമ്പോൾ അമ്മാമ പറയും ഓടിപോയി മേപ്പറത്തുനിന്നു ഒരു മൊട്ട വാങ്ങി കൊണ്ടുവാടാ , അങ്ങനെയാണ് പൊരിച്ച മുട്ടകൊണ്ട് മീൻകറി ഉണ്ടാക്കാം എന്ന അമ്മമ്മയുടെ കണ്ടുപിടുത്തം മനസ്സിൽ ആയതു.
മമ്മിയുടെ ആങ്ങളമാർ ചേച്ചിയുടെ മക്കൾ എന്നപോലെയല്ല സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഞങ്ങൾ രണ്ടുപേരെയും ഒപ്പം കൂട്ടി. വേനൽക്കാലത്തു വെക്കേഷൻ സമയം മുഴുവൻ കുളം വറ്റിച്ചു മീൻപിടിക്കുന്നതും നീന്തൽ പഠിക്കാനുള്ള ശ്രമങ്ങളും, മറ്റം നിത്യ മൂവിസിലെ സിനിമ കാണലും, കുന്നത്തെ മാതാവിന്റെ പെരുന്നാളും, പെരുന്നാളിന്റെ വെടിക്കെട്ട് , ഗാനമേള എല്ലാം ഇന്നും ഒരു വികാരമാണ്, വീട്ടിൽ മത്താപ്പൂത്തിരികൾ പെരുന്നാൾക്കു ഉണ്ടാക്കിയതും, എല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ നിൽക്കുന്നു. ഇന്നൊക്കെ അമ്പു പെരുന്നാളിന്റെ അമ്പു പോലെയല്ല അന്ന്, അമ്പുപെരുന്നാൾ എന്നാൽ നമ്മൾ അമ്പു കാലിൽ കുത്തിയപോലെ നിന്ന് തുള്ളിയാണ് കൊണ്ടുപോകുന്നത്. രണ്ടു കൈകളിലും പടക്കത്തിൻറെ മാല തീ കൊളുത്തി കൊണ്ട് നടക്കുന്ന നമ്മുടെ ഇന്നത്തെ തലമൂത്ത തലമുറയെ ഞാൻ ഇന്നും ഓർക്കുന്നു അവർ തന്നെയാണോ ഇവർ ! അതൊക്കെ ഒരു കാലം
കാണ്മാനില്ല
ആ പഴയ എന്നെയും നിങ്ങളെയും ഇപ്പോൾ കാണ്മാനില്ല കണ്ടുകിട്ടുന്നവർ തിരിച്ചേൽപ്പിക്കുക.